Monday 28 March 2011

എത്ര പണം ഓഹരിയില്‍ നിക്ഷേപിക്കണം?

എത്ര പണം ഓഹരിയിലെ നിക്ഷേപത്തിനായി മാറ്റി വയ്ക്കണം? എത്ര നാളത്തേക്കാവണം ഇവിടെ നിക്ഷേപം നടത്തേണ്ടത്? ഈ ചോദ്യങ്ങള്‍ പലരും ചോദിക്കാറുള്ളതാണ്.

ഏതൊരു മേഖലയിലെയും പോലെ തന്നെ, അച്ചടക്കം സാമ്പത്തികാസൂത്രണവിജയത്തിന് അത്യന്താപേക്ഷിതമായ ഒരു സംഗതി തന്നെയാണ്. ബുള്‍ തരംഗത്തില്‍ ഇതര നിക്ഷേപമാര്‍ഗങ്ങളെ അപേക്ഷിച്ച് വളരെ കൂടിയ 'റിട്ടേണ്‍' (വരുമാന വളര്‍ച്ച) ഓഹരി തന്നു എന്ന കാരണത്താല്‍, ഇനി എന്റെ പണമെല്ലാം ഇവിടെ തന്നെ എന്നു കരുതരുത്. അതുപോലെ തന്നെ കരടികള്‍ വിപണിയില്‍ പിടിമുറുക്കുമ്പോള്‍ (വിപണി ഇടിയുമ്പോള്‍) ഇനി ഈ മേഖലയില്‍ പ്രതീക്ഷയ്ക്ക് യാതൊരു സ്ഥാനവുമില്ല എന്നു കരുതി ഇവിടം വിട്ട് പൂര്‍ണമായും ഓടിപ്പോവുകയുമരുത്. സമചിത്തതയോടെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെയാവണം ഇവിടെ നിക്ഷേപകനായി കടന്നുവരേണ്ടത്.

ആദ്യലക്കങ്ങളില്‍, സമ്പത്തിനെ പ്രായത്തിന്റെ അടിസ്ഥാനമാക്കി പ്രതിപാദിച്ചിരുന്നു. ആ തരംതിരിക്കലിന് അനുസൃതമായി ഓരോരുത്തരും എവിടെയാണ് നില്‍ക്കുന്നതെന്ന് സ്വയം വിലയിരുത്തണം. എന്നിട്ട് മാത്രമേ ഓഹരിവില നിക്ഷേപത്തിന് എത്ര പണമാണ് മാറ്റി വയ്‌ക്കേണ്ടതെന്ന് ഓരോരുത്തരും തീരുമാനിക്കാവൂ. ചെറുപ്പക്കാര്‍ക്ക് റിസ്‌ക് എടുക്കാനുള്ള കഴിവും താത്പര്യവും ഏറുമെന്നതിനാല്‍ പ്രായമായവരെ അപേക്ഷിച്ച് ഇവര്‍ കൂടുതല്‍ പണം ഓഹരിവിണിപയിലെ നിക്ഷേപത്തിന് മാറ്റി വെയ്ക്കാം.

സാമ്പത്തികാസൂത്രണ വിദഗ്ധര്‍ പണ്ടു മുതലേ ശുപാര്‍ശ ചെയ്യുന്നൊരു മാര്‍ഗമുണ്ട്. മോശമല്ലാത്ത ഈ മാര്‍ഗം നിക്ഷേപകര്‍ക്കൊരു വഴികാട്ടി തന്നെയാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. നിക്ഷേപകനായ നിങ്ങളുടെ പ്രായം 20 ആണെന്ന് കരുതുക. അങ്ങനെയെങ്കില്‍ നിക്ഷേപത്തിന് ലഭ്യമായ തുകയുടെ 20 ശതമാനം നിങ്ങള്‍ ബാങ്ക് ഡെപ്പോസിറ്റ്/പോസ്റ്റ് ഓഫീസ് നിക്ഷേപം മുതലായ റിസ്‌ക് ഇല്ലാത്ത മാര്‍ഗങ്ങളില്‍ നിക്ഷേപിക്കണം. ബാക്കി തുക വരുമാനം കൂടിയ -ഒപ്പം റിസ്‌കും കൂടിയ - ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലാകാം. ഈ നിക്ഷേപകന്റെ പ്രായം 10 വര്‍ഷത്തിന് ശേഷം 30 ആകുമ്പോള്‍ റിസ്‌ക് ഇല്ലാത്ത നിക്ഷേപമാര്‍ഗങ്ങളായ ബാങ്ക്, പോസ്റ്റ്ഓഫീസ് മുതലായവയിലെ നിക്ഷേപം 30 ശതമാനമാക്കി മാറണമെന്നര്‍ത്ഥം. പ്രായം ഏറുന്നതിനനുസരിച്ച്, റിസ്‌ക് കൂടിയ നിക്ഷേപമായ ഓഹരിയിലെ നിക്ഷേപത്തിന്റെ തോത് കുറഞ്ഞുവരുന്നൊരു പ്രതിഭാസം. അങ്ങനെയെങ്കില്‍ 60 വയസ്സുള്ളൊരു നിക്ഷേപകന്റെ, ഓഹരിവിപണിയിലെ വിഹിതം, കേവലം 40 ശതമാനം മാത്രമായിരിക്കുമെന്ന് സാരം. ഇതേ നിക്ഷേപകന് വയസ്സ് 70 ആകുമ്പോള്‍, ഓഹരി വിപണിയിലെ തന്റെ നിക്ഷേപം 30 ശതമാനം മാത്രമാകുന്നു. പ്രായം ഏറുന്നതിനനുസരിച്ച് ഓഹരി വിപണിയിലെ പങ്കാളിത്തം കുറച്ച് കൊണ്ടുവരുന്ന ഈ ഉപദേശം അനുകരണീയം തന്നെ.

ഇനി ഈ ഒരു അനുപാതം എങ്ങനെ നിലനിര്‍ത്താനാവും എന്നറിയേണ്ടിയിരിക്കുന്നു.
നിങ്ങളുടെ നിക്ഷേപത്തിന് ലഭ്യമായ ആകെ തുക അഞ്ച് ലക്ഷമാണെന്നു കരുതുക. നിങ്ങളുടെ പ്രായം 40 ആണെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ഓഹരിയിലെ നിക്ഷേപത്തിന്, മുന്‍പറഞ്ഞ പ്രകാരം നിങ്ങള്‍ മാറ്റിവയ്ക്കുക 60 ശതമാനം ആയിരിക്കും. ഈ ഉദാഹരണത്തില്‍, 3 ലക്ഷം രൂപ ഓഹരിയിലേക്കും, രണ്ട് ലക്ഷം രൂപ റിസ്‌ക് കുറഞ്ഞ ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കുമായി ഈ നിക്ഷേപകന്‍ മാറ്റിവയ്ക്കും. ഈയൊരു അനുപാതം എങ്ങനെ നിലനിര്‍ത്താനാവും എന്നതാണ് അടുത്തതായി അറിയേണ്ടത്.

ബുള്‍ തരംഗത്തില്‍ എല്ലാ ഓഹരികള്‍ക്കും വില കയറിയതിനൊപ്പം, ഈ നിക്ഷേപകന്റെ നിക്ഷേപ ശേഖരത്തിലുള്ള ഓഹരികള്‍ക്കും വില കയറിയെന്നിരിക്കട്ടെ. അങ്ങനെ മൂന്ന് ലക്ഷം രൂപയുടെ ഓഹരികളുടെ മതിപ്പുവില ഇപ്പോള്‍ 4 ലക്ഷമായി ഉയര്‍ന്നു. ഇപ്പോള്‍ ഈ നിക്ഷേപകന്റെ ആകെ നിക്ഷേപം എന്നു പറയുന്നത് 6 ലക്ഷം രൂപയാണ് (2,00,000 രൂപ സ്ഥിരനിക്ഷേപം + 4,00,000 രൂപയുടെ ഓഹരി). അങ്ങനെയെങ്കില്‍ 60 ശതമാനം ഓഹരിയില്‍ അലോക്കേറ്റ് ചെയ്യുന്ന ഈ നിക്ഷേപകന്റെ ഓഹരിയിലെ ആകെ നിക്ഷേപം 3,60,000 രൂപ ആയിരിക്കണം (ആറ് ലക്ഷത്തിന്റെ 60 ശതമാനം). ഇത് നിജപ്പെടുത്താനായി അയാള്‍ 40,000 രൂപയുടെ ഓഹരികള്‍ വിറ്റ് ലാഭമെടുക്കുന്നു. എന്നിട്ട് ആ പണം റിസ്‌ക് കുറഞ്ഞ സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റുന്നു.

ഇനി മറിച്ചാണെന്നിരിക്കട്ടെ. നിങ്ങളുടെ കൈവശമുള്ള ഓഹരികളുടെ വില ബെയര്‍ തരംഗത്തില്‍ കുറഞ്ഞ് മൂന്നു ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷം ആകുകയാണെങ്കിലോ? അപ്പോഴും ഈ അനുപാതം നിലനിര്‍ത്തേണ്ട നിക്ഷേപകന്‍ തന്റെ നിക്ഷേപം ഇങ്ങനെ മാറ്റുന്നു. വില കുറയുന്നതോടെ അയാളുടെ ആകെ നിക്ഷേപം അഞ്ചുലക്ഷം രൂപയില്‍ നിന്നും നാലുലക്ഷം രൂപയായി മാറുന്നു എന്നു കരുതുക. ഇതിന്റെ 60 ശതമാനം ഓഹരികളില്‍ ഉണ്ടാവണം എന്നു നിഷ്‌കര്‍ഷിക്കുന്ന ഈ നിക്ഷേപകന്റെ ഇപ്പോഴത്തെ ഓഹരിയുടെ മതിപ്പുവില 2,40,000 (നാലു ലക്ഷത്തിന്റെ 60 ശതമാനം) ആയിരിക്കണം. അതിനാല്‍ റിസ്‌ക് കുറഞ്ഞ സ്ഥിരനിക്ഷേപത്തില്‍ നിന്നും 40,000 രൂപ പിന്‍വലിച്ച് ഓഹരിയില്‍ നിക്ഷേപിക്കുന്നു. ഇപ്പോള്‍ നേരത്തെ നിശ്ചയിക്കപ്പെട്ട അനുപാതം റെഡി - 40:60. സ്ഥിരനിക്ഷേപം 40 ശതമാനവും (1,60,000 രൂപ), ഓഹരിയിലെ നിക്ഷേപം 60 ശതമാനവും (2,40,000 രൂപ).

വില കുറയുമ്പോള്‍ വാങ്ങാനും വില കൂടുമ്പോള്‍ വില്‍ക്കാനും സാധിക്കുന്നില്ല എന്നതാണ് ഓഹരി വിപണിയില്‍ പൊതുവേ പറഞ്ഞുകേള്‍ക്കുന്ന പരാതി. വില കൂടുമ്പോള്‍ വാങ്ങി വില കുറയുമ്പോള്‍ ഓഹരി വിപണിയില്‍ കൈ പൊള്ളിയവര്‍ ഏറെ. ഇതിനൊരു പരിഹാരം ഈ അച്ചടക്കത്തിലൂടെ ഉണ്ടാക്കിയെടുക്കാനാവും എന്നതു തന്നെയാണ് ഈയൊരു മാര്‍ഗം അവലംബിക്കുന്നതുമൂലം നിക്ഷേപകനുണ്ടാവുന്ന നേട്ടവും.

MONEY GURU > MANOJ THOMAS

No comments:

Post a Comment